വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുക, വഞ്ചിക്കപ്പെടരുത്!

1995-ലെ സുപ്രീം കോടതി വിധി
1995ലെ വിധി പൊതുവില്‍ സഭയ്‌ക്കെതിരായിരുന്നുവെങ്കിലും ആശ്വസിക്കാന്‍ പലതും ഉണ്ടായിരുന്നു. കഴിഞ്ഞ 22 വര്‍ഷം നാം മുന്നോട്ടു പോയത് ആ വിധിയുടെ കരുത്തിലാണ്. മെത്രാന്‍ കക്ഷികള്‍ പലവിധത്തിലും യാക്കോബായ സഭയെ അധീനപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമം നടത്തി. ഇതിനായി എല്ലാ ശ്രോതസ്സുകളും അവര്‍ വിനിയോഗിച്ചു. എന്നാല്‍ അന്യായക്കാരുടെ മുന്നില്‍ കീഴടങ്ങുവാന്‍ ദൈവം തമ്പുരാന്‍ നമുക്ക് ഇടവരുത്തിയില്ല.
2017-ലെ സുപ്രീം കോടതി വിധി
2017 ജൂലൈ 3ലെ സുപ്രീം കോടതി വിധി നല്‍കിയത് നിരാശ മാത്രമാണ്. വ്യത്യസ്ത ആവശ്യങ്ങളുമായി കോടതിയെ സമീപിച്ചവര്‍ക്ക് എല്ലാം നിങ്ങള്‍ എടുത്തോളു എന്ന സമീപനം ആണ് കോടതി സ്വീകരിച്ചത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ചരിത്രത്തില്‍ കോടതികള്‍ നല്‍കിയിരുന്ന എല്ലാ അവകാശങ്ങളും അധികരങ്ങളും പിടിച്ചുവാങ്ങുന്ന സമീപനം ആണ് ഉണ്ടായിട്ടുള്ളത്. ഭാരതീയന്റെ എല്ലാ പൗരാവകാശങ്ങളും നിഷേധിക്കുന്നതാണ് ഈ വിധിയെന്ന് സാമാന്യ വിജ്ഞാനം ഉള്ള എല്ലാവര്‍ക്കും മനസ്സിലാവും. 2000 വര്‍ഷം പഴക്കമുള്ള സഭയെ 83 വര്‍ഷം പഴക്കമുള്ള ഒരു ഭരണഘടനകൊണ്ട് വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് കണ്ടത്. കാനോനികവും പാരമ്പര്യപരമായും ലഭിച്ച എല്ലാ അധികാരവകാശങ്ങളും നിഷേധിക്കപ്പെട്ടിരിക്കുന്നു.
കേസ്സ് നടത്തിയതില്‍ പോരായ്മയോ?
യാക്കോബായ സഭ കേസ്സ് നടത്താറുള്ളത് വിശ്വാസികളുടെ ചില്ലിക്കാശുകൊണ്ടാണ്. 1958ലെയും 95ലെയും കേസ്സ് പൊതുസ്വഭാവമുള്ളതായിരുന്നു. ഇപ്രാവശ്യത്തേത് ഇടവക പള്ളികള്‍ കക്ഷികളായുള്ള കേസ്സുകളാണ്. കേസ്സിലെ ആവശ്യത്തിലേക്ക് ചെലവ് ചെയ്ത പണം പള്ളിക്കാരാണ് കണ്ടെത്തിയത്. തങ്ങളുടെ കഴിവിലധികമായി അവര്‍ പ്രയത്‌നിച്ചു. പരിശുദ്ധ സഭ അവരോട് ചേര്‍ന്നുനിന്ന് പങ്കാളിത്തം വഹിക്കുകയായിരുന്നു. പല പള്ളികള്‍ക്കും വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് അവര്‍ സ്വയം അഭിഭാഷകരെ നിയോഗിക്കുകയായിരുന്നു. ഈ പ്രാവശ്യം സുപ്രീം കോടതിയില്‍ ഹാജരായവര്‍ രാജ്യത്തെ പ്രമുഖ അഭിഭാഷകര്‍ ആയിരുന്നു. 1995ലെ കേസ്സു വാദിച്ച വിശ്രുതനിയമജ്ഞനും മുന്‍സോളിസിറ്റര്‍ ജനറലുമായ അഡ്വ. കെ. പരാശരന്‍, സി.എസ്. വൈദ്യനാഥന്‍, സി.എം. സുന്ദരം എന്നിവര്‍ ഇപ്രാവശ്യവും നമുക്ക് വേണ്ടി ഹാജരായി. മെത്രാന്‍കക്ഷി വിഭാഗം നടത്തുന്നതുപോലെ വലിയൊരു തുക കണ്ടെത്തുവാന്‍ നമുക്ക് ബുദ്ധിമുട്ടുണ്ട്. നമ്മുടെ പരിധിയില്‍ നിന്ന് ആകാവുന്ന രീതിയില്‍ അദ്ധ്വാനിച്ചു എന്ന് പറയാതെ വയ്യ. ഇതിന് നേതൃത്വം നല്കിയ സഭാട്രസ്റ്റി തമ്പു ജോര്‍ജ്ജ് തുകലനെയും പള്ളിഭാരവാഹികളെയും ഡല്‍ഹിയില്‍ താമസിച്ച് കര്‍മ്മനിരതരായിരുന്ന അഭിഭാഷകരെയും നന്ദിയോടെ സ്മരിക്കാം. കുറവുകളെ പറ്റി തര്‍ക്കിക്കാതെ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെയും ഏകമനസ്സോടെയും മുന്‍പോട്ട് കേസ്സുകള്‍ നടത്തുവാന്‍ നമുക്ക് ഉത്സാഹിക്കാം.
നമ്മുളുടെയിടയിലെ ഭിന്നത വിശ്വാസികളുടെ ആത്മവീര്യം കെടുത്തുന്നുവോ?
ഏത് സഭകളിലും അഭിപ്രായഭിന്നതകള്‍ സ്വാഭാവികമാണ്. അത് മനുഷ്യസഹജവുമാണ്. പക്ഷേ അടുത്തകാലത്ത് ചില ഭദ്രാസനങ്ങളില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ അതിന്റെ പരിധി ലംഘിച്ചുവെന്ന് നിസംശയം പറയാം. അവ പരിഹരിക്കുന്നതിന് സഭയ്ക്കായില്ല എന്നുള്ളത് നമ്മുടെ ബലഹീനത തന്നെയാണ്. പരസ്പരം പരാജയപ്പെടുത്തുവാന്‍ ഇരുപക്ഷവും കോടതിയെ സമീപിക്കുന്ന കാഴ്ച നാം കണ്ടു. മെത്രാന്‍കക്ഷി എന്ന വടവൃക്ഷവുമായി നിയമപോരാട്ടത്തിലേര്‍പ്പെട്ട നമ്മള്‍ പരസ്പരം പോരടിച്ച് കോടതി കയറിയിറങ്ങുന്നത് ലജ്ജാകരമാണ്. സഭയില്‍ നിലനില്‍ക്കുന്നതായ ഭിന്നതകള്‍ പരിഹരിച്ച് കേസ്സുകള്‍ പിന്‍വലിച്ച് പരസ്പരം അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന വിപത്തിന്റെ ആഴം അതികഠിനമായിരിക്കും.
മാധ്യമങ്ങളുടെ ഇടപെടല്‍
യാക്കോബായ സഭയ്ക്ക് മാധ്യമങ്ങളുടെ പിന്തുണയുടെ അഭാവം എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. മെത്രാന്‍കക്ഷികളെ സംബന്ധിച്ചിടത്തോളം അവരുടെ കേസ്സുകള്‍ നടത്തുന്നതിന് നേതൃത്വം നല്‍കിക്കൊണ്ടിരുന്നത് മലയാള മനോരമ കുടുംബം ആയിരുന്നു. അവരുടെ സ്വാധീനവും സമ്പത്തും എല്ലാക്കാലത്തും കോടതിവിധികളെ നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഓരോ വിധികള്‍ വരുമ്പോഴും തങ്ങളുടേതായി വ്യാഖ്യാനിച്ച് ഇവര്‍ തങ്ങളുടെ രഹസ്യ അജണ്ട നടപ്പാക്കുന്നു. കെ.സി. മാമ്മന്‍ മാപ്പിളയുടെ നേതൃത്വത്തില്‍ രൂപികൃതമായ സഭയുടെ ഭാവി ഏത് കുതന്ത്രങ്ങളും ഉപയോഗിച്ച് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മനോരമയ്ക്കുണ്ട്. 95ല്‍ കേസ്സിന്റെ മുഖ്യചുമതല വഹിച്ചിരുന്നത് മുന്‍ പത്രാധിപര്‍ കെ.എം. മാത്യു ആയിരുന്നു. 95 ലെ ന്യൂനപക്ഷ വിധിയ്ക്ക് പ്രചാരണം നല്‍കി വിശ്വാസികളെ അന്തകാരത്തിലാക്കുവാന്‍ അവര്‍ക്ക് സാധിച്ചു. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കച്ചവട മേഖലയില്‍ പുതിയ മാനങ്ങള്‍ തേടിയിരിക്കുകയാണവര്‍. ഈ പ്രാവശ്യം വിധിയുടെ വിശകലനം ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ വിജയമോഹനന്റെ പേരിലാണ് അവര്‍ പ്രസിദ്ധീകരിച്ചത്. യാക്കോബായ സഭയ്ക്ക് അനുകൂലമായിരുന്നു ഈ വിധിയെങ്കില്‍ ഇങ്ങനെയൊരു രീതിയില്‍ മനോരമ പ്രസിദ്ധീകരിക്കുമോ എന്ന ചോദ്യം നിലനില്‍ക്കുന്നു. കെ.എം. ചെറിയാന്‍ ഒഴിച്ച് മാമ്മന്‍ മാപ്പിള തുടങ്ങി കെ.എം. മാത്യു വരെയും തുടരുന്ന നയം മാമ്മന്‍ മാത്യുവിന്റെ കാലത്തും വ്യത്യസ്തമാകില്ലയെന്ന് നമുക്ക് ഉറപ്പിക്കാം. തോമസ് ജേക്കബ്ബ് മാറിയാലും മാത്യൂസ് വര്‍ഗീസ് വന്നാലും കാര്യങ്ങള്‍ തിരുനക്കരെ തന്നെയെന്നതില്‍ സംശയമില്ല. കേരളത്തിലെ മറ്റ് മാധ്യമങ്ങള്‍ക്ക് സഭാതര്‍ക്കമൊന്നും ഒരു പ്രത്യേക പരിഗണനാ വിഷയമല്ല. അവര്‍ എത്ര സഹായിച്ചാലും മനോരമയുടെ പുറകേ പോകുന്ന യാക്കോബായക്കാരന്റെ പതിവ് മാറുന്നില്ലല്ലോ. പിന്നെന്തിന് അവര്‍ ഈ വിഴുപ്പ് ഭാണ്ഡം ചുമക്കണം. എങ്കില്‍പ്പോലും പല മാധ്യമങ്ങളും നീതിയോടൊപ്പം നില്ക്കുന്നു എന്നത് ആശ്വാസമാണ്. അവിടെ ജോലി ചെയ്യുന്ന നമ്മുടെ സഹോദരങ്ങള്‍ കാട്ടുന്ന സഭാസ്‌നേഹത്തിന്റെ പ്രതിഫലനം കൂടിയാണിത്. വിഷയങ്ങള്‍ പൂര്‍ണ്ണമായി വിലയിരുത്തുവാന്‍ ശരിയായ പഠനം നടത്തുവാനോ പിന്തുടരുവാനോ പല മാധ്യമങ്ങളും തുനിയുന്നില്ല എന്നത് വാസ്തവം.
രാഷ്ട്രീയ ഇടപെടലുകള്‍
സഭാ തര്‍ക്കത്തില്‍ ഇടപെട്ട് കൈപൊള്ളിക്കുവാന്‍ പല രാഷ്ട്രീയക്കാര്‍ക്കും മടിയാണ്. യാക്കോബായ സഭയ്ക്ക് കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ എല്ലാ കാലവും ലഭിച്ചിരുന്നു. തര്‍ക്കങ്ങള്‍ പരിഹരിക്കുവാന്‍ മുന്‍ മുഖ്യമന്ത്രി സി. അച്യുതമോനോന്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തി. ഭൂരിപക്ഷത്തിന് നീതി ലഭിക്കണമെന്ന് ശക്തമായ നിലപാടിലായിരുന്നു കെ. കരുണാകരന്‍. അദ്ദേഹത്തിന്റെ ഭരണകാലത്ത് യാക്കോബായ സഭയ്ക്ക് തെല്ല് ആശ്വാസമായിരുന്നു എന്ന് പറയാതെ വയ്യ. പി.പി. തങ്കച്ചന്‍, ടി.എച്ച്. മുസ്തഫ പോലുള്ള കരുണാകര പക്ഷ നേതാക്കള്‍ നടത്തിയ അണിയറ പ്രവര്‍ത്തനങ്ങള്‍ സഭയെ സഹായിച്ചു. മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി സഹായകരമായ നിലപാടുകളാണെടുത്തിരുന്നത്. സഭാതര്‍ക്കത്തില്‍ ഇടപെട്ട് ഏറ്റവും കൂടുതല്‍ വേദനയനുഭവിച്ചത് ഉമ്മന്‍ ചാണ്ടിക്കാണ്. ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്ന് ഒരു പിരധിവരെ അദ്ദേഹം ആഗ്രഹിച്ചു. അതിനായി നിരവധി തവണകള്‍ ചര്‍ച്ചകള്‍ നടത്തി. നീതി നടപ്പാക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ സ്വസമുദായത്തില്‍ നിന്ന് ഭ്രഷ്ട് കല്പിക്കുകയുണ്ടായി. അതിന്റെ പ്രതികരണമായിരുന്നു ഇപ്രാവശ്യത്തെ മെത്രാന്‍കക്ഷി സ്ഥാനികളുടെ തിരഞ്ഞെടുപ്പ്. ഇടതുപക്ഷ സര്‍ക്കാരുകള്‍ പ്രത്യേകിച്ച് ഇ.കെ. നായനാരും, വി.എസ്. അച്യുതാനന്ദനും യാക്കോബായ സഭയ്ക്ക് വലിയ പരുക്കുണ്ടാക്കാതെ സഹായിച്ചു. മുന്‍ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണനും, എസ്. ശര്‍മ്മയും നല്കിയ പിന്തുണ വിസ്മരിക്കാനാവില്ല. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ നിലപാടുകള്‍ എടുക്കുവാന്‍ പ്രാപ്തനാണ്. ഇരുപക്ഷവുമായി നല്ല ബന്ധം സൂക്ഷിക്കുന്ന അദ്ദേഹം പ്രശ്‌ന പരിഹാരത്തിന് നേതൃത്വം നല്കിയാല്‍ ഇരുവിഭാഗത്തിലെയും ജനങ്ങള്‍ അതിനെ സ്വാഗതം ചെയ്യുമെന്നതില്‍ സംശയമില്ല.
അപവാദപ്രചരണങ്ങള്‍ സൂക്ഷിക്കുക
യാക്കോബായ സുറിയാനി സഭയെയും ശ്രേഷ്ഠ കാതോലിക്കബാവയെയും സഭാനേതൃത്വത്തെയും നിരന്തരമായി അപഹസിക്കുന്ന നിലപാടുമായി ഒരു കൂട്ടര്‍ നിലകൊള്ളുന്നു. വ്യാജപ്രചരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുകയാണ് ഇവരുടെ പണി. കുരുത്താല്‍ പൊട്ടാത്ത നുണകളാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. നമ്മുടെ സഭയിലെ ചിലരെങ്കിലും അറഞ്ഞോ അറിയാതെയോ ഈ അധര്‍മ്മികളെ സഹായിച്ചിട്ടുണ്ട്. അതിന്റെ തിക്തഫലവും അവരില്‍ നിന്ന് തന്നെ അനുഭവിച്ചിട്ടുമുണ്ട്. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയെയും, ശ്രേഷ്ഠ കാതോലിക്ക ബാവയെയും പരസ്പരം ഭിന്നിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി സഭയെ വഞ്ചിക്കുന്ന അധര്‍മ്മികളെ തിരിച്ചറിയാനുള്ള സാമാന്യ ബോധം നമുക്കുണ്ടാകണം. ശ്രേഷ്ഠ ബാവയെ അധിക്ഷേപിച്ച് സമൂഹമദ്ധ്യത്തില്‍ അപമാനിക്കുന്ന ശ്രമങ്ങള്‍ തിരിച്ചറിയുക. ഇന്നു കാണുന്ന യാക്കോബായ സുറിയാനി സഭയുടെ വളര്‍ച്ചയ്ക്ക് മുഖ്യ കാരണക്കാരന്‍ ശ്രേഷ്ഠ കാതോലിക്ക ബാവയാണ്. തന്റെ സര്‍വ്വസ്വവും ഉപേക്ഷിച്ച് ബാവ നമുക്ക് വേണ്ടി അറസ്റ്റും, ജയില്‍വാസവും, പട്ടിണിയുമെല്ലാം അനുഭവിച്ചിട്ടുണ്ട്. ആ കഷ്ടപ്പാടിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഇന്നത്തെ സഭ. ബാവയെ പൊതുജനസമക്ഷം അപഹസിക്കുന്ന നിലപാടുകള്‍ ചലര്‍ കുറച്ച് നാളുകളായി തുടങ്ങിയിട്ട്. ബാവ ബെന്‍സ് കാറില്‍ സഞ്ചരിക്കുന്നതാണ് ഇവരുടെ ദുഃഖം. മെത്രാന്‍കക്ഷികളുടെ അച്ചാരം വാങ്ങി ബാവയ്ക്കും സഭയ്ക്കുമെതിരെ പ്രചരണം നടത്തുന്നവര്‍ക്ക് ഒന്നു അന്വേഷിച്ചാല്‍ നന്നായിരിക്കും. കേരളത്തിലെ ഏത് സഭാമേലദ്ധ്യക്ഷനാണ് ബെന്‍സ് കാറില്ലാത്തത്. അവരുടെ അരമനകളില്‍ തിരക്കിയാല്‍ അറിയാം ബെന്‍സിന്റെയും റോള്‍സ്‌റോയ്‌സിന്റെയും എണ്ണം. ഈ സഭയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്ത് വളര്‍ത്തിയ ബാവ തന്റെ പ്രായാധിക്യത്തില്‍ ഒരു ബെന്‍സ് കാര്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് ചിന്തിക്കുകയാണെങ്കില്‍ അവരെയോര്‍ത്ത് ലജ്ജിക്കാന്‍ മാത്രമേ സാധിക്കു.
പിറുപിറുപ്പിന്റെ രസതന്ത്രം
എല്ലാക്കാലത്തും സംഘടിത മുന്നേറ്റങ്ങളെ തകര്‍ക്കാന്‍ ഉപകരിക്കുന്ന പ്രചരണ രീതിയാണ് പിറുപിറുപ്പ് നടത്തുക. വളരെ സൗഹൃദം ചമഞ്ഞ് നടത്തുന്ന ഈ പ്രചരണം തിരിച്ചറിയുവാന്‍ നമ്മള്‍ ശ്രദ്ധിക്കണം. ഇന്ന മെത്രാന്‍ ബാവയുമായി എതിരാണ്. അദ്ദേഹം മറുഭാഗത്തേക്ക് പോകാന്‍ സാധ്യതയുണ്ട്. പൊതുസമൂഹം ബാവയ്‌ക്കെതിരാണ്. സഭയിലെ പല തിരുമേനിമാരെക്കുറിച്ചും മോശമായ അഭിപ്രായമാണ്. ബുദ്ധിയും സമ്പത്തമുള്ളവര്‍ സഭയുടെ പോക്കിനോട് എതിരാണ്. അവര്‍ ഇത് പറഞ്ഞു, ഇവര്‍ അതു പറഞ്ഞു. വിശ്വാസികള്‍ അസംതൃപ്തരാണ് എങ്ങനെയെങ്കിലും യോജിച്ചാല്‍ മതി. എന്നിങ്ങനെ പോകുന്നു ഈ പിറുപിറുപ്പുകള്‍. പല തിരഞ്ഞെടുപ്പുകളിലും പ്രത്യേകിച്ച് കഴിഞ്ഞ മെത്രാന്‍കക്ഷി ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയതാണ് പിറുപിറുപ്പിന്റെ രസതന്ത്രം.
മാന്യന്മാര്‍ ചമയുന്ന ഇവരുടെ വാഗ്ദത്തത്തില്‍ വീണുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
സമാധാനപ്രേമികളെ തിരിച്ചറിയുക
എന്നും സമാധാനത്തിന്റെ തിക്തഫലം അനുഭവിച്ചവരാണ് നാം. കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയ കോളേജുകളും പള്ളികളും സ്ഥാപനങ്ങളും ഒരോ അനുരഞ്ജനത്തിന്റെയും ബാക്കിപത്രമായി നഷ്ടപ്പെട്ടിട്ടേയുള്ളു. കോടതി വിധിക്ക് ശേഷം മെത്രാന്‍കക്ഷി കാതോലിക്ക ബാവ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച കല്പനയിലൂടെ മുന്നോട്ടു വക്കുന്ന മധുരവാക്കുകളിലെ കാപട്യം തിരിച്ചറിയുവാന്‍ നമുക്കു കഴിയണം. ഇക്കാലമത്രയും ഓര്‍ക്കാത്ത പരിശുദ്ധ യെല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ നാമവും ചേര്‍ത്ത് കല്പ്പന ഇറക്കിയപ്പോള്‍ തന്നെ മനസ്സി ലാക്കണം മെത്രാന്‍കക്ഷികളുടെ കാപട്യം. ശാശ്വതമായൊരു സമാധാനം ഒരുകാലത്തും മെത്രാന്‍കക്ഷികളുമായി ഉണ്ടാകാന്‍ പോകുന്നില്ല.
ചഞ്ചലപ്പെടരുത് വിശ്വാസത്തില്‍ ഉറച്ച് നില്ക്കുക
എല്ലാ കാലത്തും മെത്രാന്‍കക്ഷികളുടെ ചതിക്കുഴികളില്‍ യാക്കോബായ വിശ്വാസികള്‍ വീണിട്ടേയുള്ളൂ. ഇപ്രാവശ്യം മുന്‍ അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. യാക്കോബായ സഭ പ്രതിസന്ധികളിലൂടെ തരണം ചെയ്താണ് ഈ നിലയിലെത്തിയത്. സഭയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ത്യാഗം സഹിച്ചവര്‍ അനേകരാണ്. അവരെ വിസ്മരിക്കുവാന്‍ സാധ്യമല്ല. ഒരുകാലത്തും മെത്രാന്‍കക്ഷികളുമായി അനുരഞ്ജനം ഉണ്ടാക്കില്ലെന്ന് പ്രതിജ്ഞയെടുത്തവരാണ് നമ്മള്‍. എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും സഭയുടെ വിശ്വാസവും വ്യക്തിത്വവും നിലനിന്നേ മതിയാകു. കഷ്ടതകള്‍ മുന്നിലുണ്ടെന്ന ബോധ്യം നമുക്കുണ്ടാകണം. കഷ്ടതകളെ തരണം ചെയ്യുവാന്‍ ദൈവത്തില്‍ ശരണപ്പെടുക മാത്രമാണ് അഭികാമ്യമായിട്ടുള്ളത്. ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമാണ് നമ്മുടേത്. നമ്മളുടെ വിശ്വാസവും ആചാരങ്ങളും തുടര്‍ന്നു പോകുവാന്‍ എന്തെങ്കിലും വഴി തെളിയുമെന്നതില്‍ സംശയമില്ല. എല്ലാം തകര്‍ന്നുവെന്ന് അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ദൈവത്തിന്റെ അദൃശ്യകരം നമുക്ക് കൈത്താങ്ങ ല്‍ നല്കിയിട്ടുണ്ട്. വന്ന പാതയില്‍ നിന്ന് വ്യതിചലിക്കാതെ വിശ്വാസത്തില്‍ ഉറച്ച് നിന്ന് എല്ലാ സ്വാര്‍ത്ഥതയും വെടിഞ്ഞ് ഒന്നായി നമുക്ക് മുന്നേറാം.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അഭിപ്രായം ആവണമെന്നില്ല, മറിച്ച് വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്ന വിവിധ വ്യക്തികളുടെ സ്വന്തം നിലയിലുള്ള അഭിപ്രായങ്ങള്‍ മാത്രം!